Search This Blog

Thursday, December 23, 2010

kozhikkodu sandha devy


ഇക്കഴിഞ്ഞ നവംബര്‍ ൨൦. അഞ്ച്‌ പതിറ്റാണ്ട്‌ മലയാള സിനിമാ നാടക ലോകത്ത്‌ വിലാപങ്ങളുടെ മാത്രം അമ്മയായി നിലകൊണ്ട കോഴിക്കോട്ശാന്താദേവി യാത്രയായി. വാര്‍ത്താമാധ്യമങ്ങളില്‍ ശാന്താദേവിയുടെ ചിത്രം തെളിഞ്ഞു. അന്ന്‌ എണ്റ്റെ മനസ്സിലേക്ക്‌ ആദ്യം ഓടിയെത്തിയത്‌ ശ്യാമിണ്റ്റെ മുഖമായിരുന്നു. നാലഞ്ച്‌ കൊല്ലം പുറകോട്ട്‌ ഓര്‍മ്മകള്‍ സഞ്ചരിച്ചു. ഏതാണ്ട്‌ രണ്ട്‌ മാസം മാത്രം നിലനിന്ന ഒരു സുഹൃദ്‌ ബന്ധം. കോഴിക്കോട്‌ ശാന്താദേവിയുടെ ചെറുമകനും പഴയബാലതാരം സത്യജിത്തിണ്റ്റെ മകനുമായിരുന്ന ശ്യാമിനോട്‌ കൂട്ടുകാര്‍ക്കെല്ലാംവലിയ ബഹുമാനമായിരുന്നു. കാരണം ഒരുപാട്‌ രാഷ്ട്രീയ നേതാക്കളും സാസ്ക്കാരിക നായകരും എഴുത്തുകാരും നാടകകൃത്തുക്കളും ഉണ്ടായിരുന്ന നാട്ടില്‍ ഒരു സിനിമാനടന്‍ വന്ന്‌ താമസിക്കുന്നത്‌ ആദ്യമായിട്ടായിരുന്നു. വളരെ പെട്ടെന്നായിരുന്നു ശ്യാം ഞങ്ങളുമായി അടുത്തത്‌. ചിരിക്കുന്ന മുഖവുമായി മാത്രം വന്നിരുന്ന അവണ്റ്റെ മുഖത്ത്‌ ആദ്യമായി കണ്ണൂനീര്‍ വന്നത്‌ ഇന്നും ഓര്‍ക്കുന്നു. അവണ്റ്റെ അച്ഛന്‍ ലോഡ്ജില്‍ വിഷം കഴിച്ച്‌ മരിച്ചു കിടക്കുന്നു എന്ന്‌ ഒരു കൂട്ടുകാരന്‍ വന്നു പറഞ്ഞു. അപ്പോള്‍ തന്നെ ഞങ്ങളെല്ലാവരും അവണ്റ്റെ വീട്ടിലേക്ക്‌ പോയി. ക്യാന്‍സര്‍രോഗിയായിരുന്ന അവണ്റ്റെ അമ്മ ഒന്നു ഉറക്കെ കരയാന്‍ പോലും പറ്റാതെ കട്ടിലില്‍ ഇരിക്കുന്നുണ്ടായിരുന്നു. ശ്യാമും അവണ്റ്റെ അനിയനും മറ്റൊരു മുറിയില്‍ കെട്ടിപ്പിടിച്ച്‌ കരയുന്നു. അപ്പോഴാണ്‌ ശാന്താദേവി വരുന്നത്‌. പിന്നിതുടങ്ങിയ സാരിയും കഴുത്തില്‍ ഒരു കറുത്ത ചരടും അതായിരുന്നു അവരുടെ വേഷം. സിനിമയില്‍ മാത്രമേ ഇവരെ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. നേരിട്ട്‌ കാണുന്നത്‌ ഇത്‌ ആദ്യം. ശവസംസ്ക്കാരചടങ്ങുകള്‍ക്ക്‌ ശേഷം അവര്‍ കോഴിക്കോടിന്‌ പോകാന്‍ ഒരു ഓട്ടോ പിടിച്ചു പോകുന്നത്‌ കണ്ടു. അതിനു ശേഷം ഞങ്ങളും അവിടെ നിന്നും ഇറങ്ങി. ജംഗ്ഷനില്‍ വന്നപ്പോള്‍ ശാന്താദേവി പോയ ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ ഞങ്ങളുടെ അടുത്ത്‌ വന്നു. എന്നിട്ട്‌ പറഞ്ഞു. നിങ്ങളുടെ കൂട്ടുകാരണ്റ്റെ മുത്തശ്ശി വളരെ കഷ്ടത്തിലാണ്‌. കോഴിക്കോടിന്‌ പോകാന്‍ പണമില്ലാത്തതിനാല്‍ നൂറു രൂപ എണ്റ്റെ കൈയ്യില്‍ നിന്നു വാങ്ങി. ഇനി വരുമ്പോള്‍ തരാമെന്നാണ്‌ പറഞ്ഞത്‌. രൂപ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല കാരണം അവരുടെ ഒരുപാട്‌ സിനിമകള്‍ നമ്മളൊക്കെ കണ്ടതല്ലേ? ഈ സംഭവത്തിന്‌ ശേഷം പലപ്പോഴും ഇവര്‍ പുല്ലുവഴിയില്‍ വരാറുണ്ട്‌. ഇടക്ക്‌ അവര്‍ പികെവിയുടെ വീട്ടിലേക്ക്‌ പോകുന്നത്‌ കാണാം. വാര്‍ദ്ധക്യം തളര്‍ത്തിയ ശരീരവും തളരാത്ത മനസുമായി മകണ്റ്റെ വാടക വീട്ടിലെത്തുമ്പോള്‍ പട്ടിണി മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്‌. പുല്ലുവഴിയില്‍ ബസിറങ്ങി അര കിമി ദൂരമുണ്ട്‌ സത്യജിത്തിണ്റ്റെ വീട്ടിലെത്താന്‍. പലപ്പോഴും ഓട്ടോ പിടിക്കാന്‍ പണമില്ലാതെ അവര്‍ ബസ്‌ സ്റ്റോപ്പില്‍ തന്നെ നില്‍ക്കും. ആ വഴിയെ പോകുന്നവര്‍ പലപ്പോഴും അവരെ കയറ്റികൊണ്ട്‌ പോകും. സത്യജിത്ത്‌ മരിച്ച്‌ ഏതാണ്ട്‌ പതിനഞ്ച്‌ ദിവസം കഴിഞ്ഞാണ്‌ ദിവസം ശ്യാമിണ്റ്റെ അമ്മ സോഫി മരിച്ചെന്ന്‌ ഞങ്ങളറിയുന്നത്‌. ഞങ്ങള്‍ അവണ്റ്റെ വീട്ടില്‍ പോയി. തുരുത്തിപ്പിള്ളി പള്ളിയില്‍ അവണ്റ്റെ അമ്മയെ അടക്കം ചെയ്തു. അന്നും മലയാള സിനിമയിലെ കരയുന്ന മുഖമുള്ള ആ അമ്മയെ കണ്ടു. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ശ്യാമിനേയും അവണ്റ്റെ അനിയനേയും കോഴിക്കോടിനു കൊണ്ടു പോയി. അന്ന്‌ ശ്യാം പ്ളസ്ടുവിന്‌ പഠിക്കുകയായിരുന്നു. അവണ്റ്റെ അനിയന്‍ ആറാം ക്ളാസിലും. ഇനിയവര്‍ക്കാരുണ്ട്‌? അവണ്റ്റെ മുത്തശ്ശിയുടെ അവസ്ഥ ഞങ്ങള്‍ കണ്ടതാണ്‌. ഇത്തരം ചിന്തകള്‍ ഞങ്ങളോരോരുത്തരുടേയും മനസ്സില്‍ ഉദിച്ചു. അതിനുശേഷം ഇന്നു വരെ അവണ്റ്റെ ഒരു വിവരവും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. കുറച്ചുനാള്‍ മുമ്പ്‌ ചെന്നൈയില്‍ ഒരു ഹോട്ടല്‍ നടത്തുന്നു എന്നു കേട്ടു. സത്യമാണോ എന്നറിയില്ല. എന്തായാലും കോഴിക്കോട്‌ ശാന്താദേവിയുടെ മരണ സമയത്ത്‌ ചാനലുകളിലൊന്നും അവണ്റ്റെ മുഖം കണ്ടില്ല. പിന്നീടൊരിക്കല്‍ ആ ഓട്ടോഡ്രൈവര്‍ ഞങ്ങളോട്‌ പറഞ്ഞു അവര്‍ ആ രൂപ തന്നെന്ന്‌. മിഥുന്‍

1 comment:

 1. ഏടാ
  നീ എഴുതിയതിനു നല്ല തെളിച്ചമുണ്ട്. ലാളിത്യവും.
  കിട്ടാന്‍ അത്ര എളുപ്പമല്ലാത്ത രണ്ട് ഗുണങ്ങള്‍.
  ഒന്നുകൂടി എഡിറ്റ് ചെയ്യണം.
  രാവണാ

  ReplyDelete