Search This Blog

Thursday, December 23, 2010

kozhikkodu sandha devy


ഇക്കഴിഞ്ഞ നവംബര്‍ ൨൦. അഞ്ച്‌ പതിറ്റാണ്ട്‌ മലയാള സിനിമാ നാടക ലോകത്ത്‌ വിലാപങ്ങളുടെ മാത്രം അമ്മയായി നിലകൊണ്ട കോഴിക്കോട്ശാന്താദേവി യാത്രയായി. വാര്‍ത്താമാധ്യമങ്ങളില്‍ ശാന്താദേവിയുടെ ചിത്രം തെളിഞ്ഞു. അന്ന്‌ എണ്റ്റെ മനസ്സിലേക്ക്‌ ആദ്യം ഓടിയെത്തിയത്‌ ശ്യാമിണ്റ്റെ മുഖമായിരുന്നു. നാലഞ്ച്‌ കൊല്ലം പുറകോട്ട്‌ ഓര്‍മ്മകള്‍ സഞ്ചരിച്ചു. ഏതാണ്ട്‌ രണ്ട്‌ മാസം മാത്രം നിലനിന്ന ഒരു സുഹൃദ്‌ ബന്ധം. കോഴിക്കോട്‌ ശാന്താദേവിയുടെ ചെറുമകനും പഴയബാലതാരം സത്യജിത്തിണ്റ്റെ മകനുമായിരുന്ന ശ്യാമിനോട്‌ കൂട്ടുകാര്‍ക്കെല്ലാംവലിയ ബഹുമാനമായിരുന്നു. കാരണം ഒരുപാട്‌ രാഷ്ട്രീയ നേതാക്കളും സാസ്ക്കാരിക നായകരും എഴുത്തുകാരും നാടകകൃത്തുക്കളും ഉണ്ടായിരുന്ന നാട്ടില്‍ ഒരു സിനിമാനടന്‍ വന്ന്‌ താമസിക്കുന്നത്‌ ആദ്യമായിട്ടായിരുന്നു. വളരെ പെട്ടെന്നായിരുന്നു ശ്യാം ഞങ്ങളുമായി അടുത്തത്‌. ചിരിക്കുന്ന മുഖവുമായി മാത്രം വന്നിരുന്ന അവണ്റ്റെ മുഖത്ത്‌ ആദ്യമായി കണ്ണൂനീര്‍ വന്നത്‌ ഇന്നും ഓര്‍ക്കുന്നു. അവണ്റ്റെ അച്ഛന്‍ ലോഡ്ജില്‍ വിഷം കഴിച്ച്‌ മരിച്ചു കിടക്കുന്നു എന്ന്‌ ഒരു കൂട്ടുകാരന്‍ വന്നു പറഞ്ഞു. അപ്പോള്‍ തന്നെ ഞങ്ങളെല്ലാവരും അവണ്റ്റെ വീട്ടിലേക്ക്‌ പോയി. ക്യാന്‍സര്‍രോഗിയായിരുന്ന അവണ്റ്റെ അമ്മ ഒന്നു ഉറക്കെ കരയാന്‍ പോലും പറ്റാതെ കട്ടിലില്‍ ഇരിക്കുന്നുണ്ടായിരുന്നു. ശ്യാമും അവണ്റ്റെ അനിയനും മറ്റൊരു മുറിയില്‍ കെട്ടിപ്പിടിച്ച്‌ കരയുന്നു. അപ്പോഴാണ്‌ ശാന്താദേവി വരുന്നത്‌. പിന്നിതുടങ്ങിയ സാരിയും കഴുത്തില്‍ ഒരു കറുത്ത ചരടും അതായിരുന്നു അവരുടെ വേഷം. സിനിമയില്‍ മാത്രമേ ഇവരെ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. നേരിട്ട്‌ കാണുന്നത്‌ ഇത്‌ ആദ്യം. ശവസംസ്ക്കാരചടങ്ങുകള്‍ക്ക്‌ ശേഷം അവര്‍ കോഴിക്കോടിന്‌ പോകാന്‍ ഒരു ഓട്ടോ പിടിച്ചു പോകുന്നത്‌ കണ്ടു. അതിനു ശേഷം ഞങ്ങളും അവിടെ നിന്നും ഇറങ്ങി. ജംഗ്ഷനില്‍ വന്നപ്പോള്‍ ശാന്താദേവി പോയ ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ ഞങ്ങളുടെ അടുത്ത്‌ വന്നു. എന്നിട്ട്‌ പറഞ്ഞു. നിങ്ങളുടെ കൂട്ടുകാരണ്റ്റെ മുത്തശ്ശി വളരെ കഷ്ടത്തിലാണ്‌. കോഴിക്കോടിന്‌ പോകാന്‍ പണമില്ലാത്തതിനാല്‍ നൂറു രൂപ എണ്റ്റെ കൈയ്യില്‍ നിന്നു വാങ്ങി. ഇനി വരുമ്പോള്‍ തരാമെന്നാണ്‌ പറഞ്ഞത്‌. രൂപ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല കാരണം അവരുടെ ഒരുപാട്‌ സിനിമകള്‍ നമ്മളൊക്കെ കണ്ടതല്ലേ? ഈ സംഭവത്തിന്‌ ശേഷം പലപ്പോഴും ഇവര്‍ പുല്ലുവഴിയില്‍ വരാറുണ്ട്‌. ഇടക്ക്‌ അവര്‍ പികെവിയുടെ വീട്ടിലേക്ക്‌ പോകുന്നത്‌ കാണാം. വാര്‍ദ്ധക്യം തളര്‍ത്തിയ ശരീരവും തളരാത്ത മനസുമായി മകണ്റ്റെ വാടക വീട്ടിലെത്തുമ്പോള്‍ പട്ടിണി മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്‌. പുല്ലുവഴിയില്‍ ബസിറങ്ങി അര കിമി ദൂരമുണ്ട്‌ സത്യജിത്തിണ്റ്റെ വീട്ടിലെത്താന്‍. പലപ്പോഴും ഓട്ടോ പിടിക്കാന്‍ പണമില്ലാതെ അവര്‍ ബസ്‌ സ്റ്റോപ്പില്‍ തന്നെ നില്‍ക്കും. ആ വഴിയെ പോകുന്നവര്‍ പലപ്പോഴും അവരെ കയറ്റികൊണ്ട്‌ പോകും. സത്യജിത്ത്‌ മരിച്ച്‌ ഏതാണ്ട്‌ പതിനഞ്ച്‌ ദിവസം കഴിഞ്ഞാണ്‌ ദിവസം ശ്യാമിണ്റ്റെ അമ്മ സോഫി മരിച്ചെന്ന്‌ ഞങ്ങളറിയുന്നത്‌. ഞങ്ങള്‍ അവണ്റ്റെ വീട്ടില്‍ പോയി. തുരുത്തിപ്പിള്ളി പള്ളിയില്‍ അവണ്റ്റെ അമ്മയെ അടക്കം ചെയ്തു. അന്നും മലയാള സിനിമയിലെ കരയുന്ന മുഖമുള്ള ആ അമ്മയെ കണ്ടു. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ശ്യാമിനേയും അവണ്റ്റെ അനിയനേയും കോഴിക്കോടിനു കൊണ്ടു പോയി. അന്ന്‌ ശ്യാം പ്ളസ്ടുവിന്‌ പഠിക്കുകയായിരുന്നു. അവണ്റ്റെ അനിയന്‍ ആറാം ക്ളാസിലും. ഇനിയവര്‍ക്കാരുണ്ട്‌? അവണ്റ്റെ മുത്തശ്ശിയുടെ അവസ്ഥ ഞങ്ങള്‍ കണ്ടതാണ്‌. ഇത്തരം ചിന്തകള്‍ ഞങ്ങളോരോരുത്തരുടേയും മനസ്സില്‍ ഉദിച്ചു. അതിനുശേഷം ഇന്നു വരെ അവണ്റ്റെ ഒരു വിവരവും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. കുറച്ചുനാള്‍ മുമ്പ്‌ ചെന്നൈയില്‍ ഒരു ഹോട്ടല്‍ നടത്തുന്നു എന്നു കേട്ടു. സത്യമാണോ എന്നറിയില്ല. എന്തായാലും കോഴിക്കോട്‌ ശാന്താദേവിയുടെ മരണ സമയത്ത്‌ ചാനലുകളിലൊന്നും അവണ്റ്റെ മുഖം കണ്ടില്ല. പിന്നീടൊരിക്കല്‍ ആ ഓട്ടോഡ്രൈവര്‍ ഞങ്ങളോട്‌ പറഞ്ഞു അവര്‍ ആ രൂപ തന്നെന്ന്‌. മിഥുന്‍

കാട്ടാനകള്‍ക്കിടയിലെ ആദിവാസി കുടിലുകള്‍


വികസന സ്വപ്നങ്ങള്‍ മൊട്ടിട്ട്‌ തുടങ്ങിയ കാലം, സമൂഹവും ജനസേവകരും ആദിവാസികള്‍ക്ക്‌ പീഢിതവര്‍ഗം എന്ന നാമം കല്‍പിച്ച്‌ നല്‍കി. ഇത്‌ തന്നെയാണ്‌ പീഢിത വര്‍ഗത്തോടുള്ള പീഢന പരമ്പരകളുടെ തുടക്കവും. വികസനങ്ങള്‍ കൈയ്യെത്തി പിടിച്ച്‌ നാട്ടുവാസികള്‍ ആദിവാസികള്‍ക്ക്‌ ഭ്രഷ്ട്‌ കല്‍പിച്ച്‌ അവരെ ഒരു തീണ്ടാപാടകലെ നിര്‍ത്തി. ഇന്നും ഈ സ്ഥിതി വിശേഷത്തിന്‌ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നത്‌ നഗ്ന സത്യം. ആദിവാസികളുടെ നവോത്ഥാനവും പുനരദിവാസവും ലാക്കാക്കി ഒരു പിടി പദ്ധതികളാണ്‌ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്തത്‌. പക്ഷേ പ്രാവര്‍ത്തികമായവ വിരളം. നടന്നത്‌ കുറേ മുതലെടുപ്പുകള്‍ മാത്രം. ഭരിച്ച്‌ ഭരിച്ച്‌ മുച്ചോട്‌ പ്രസിദ്ധി നേടിയ ജനപ്രതിനിധികള്‍ക്ക്‌ കാട്ടുവാസിയെന്നും നാട്ടുവാസിയെന്നും വ്യത്യാസമുണ്ടാകുമോ? ഇല്ലെന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ എറണാകുളം ജില്ലയിലെ പൊങ്ങിന്‍ ചുവട്‌ ആദിവാസി കോളനി. ആധുനിക സൌകര്യങ്ങളും, വികസനവും, വാരികോരിയെടുത്ത്‌ സ്മാര്‍ട്ടാകാന്‍ ശ്രമിക്കുകയാണ്‌ എറണാകുളം ജില്ല. എറണാകുളം ജില്ലയില്‍ ഹൈടെക്‌ ജീവിതം നയിക്കുന്നവരില്‍ അധികമാരും പൊങ്ങിന്‍ ചുവട്‌ ആദിവാസി കോളനിയെക്കുറിച്ച്‌ കേള്‍ക്കാന്‍ ഇടയില്ല. കാരണം ഈ ആദിവാസി ഊരിന്‌ വികസനം എന്ന വാക്കിന്‌ പോലും ഊരുവിലക്കാണ്‌.സ്വര്യമായി ജീവിക്കാനുതകുന്ന വീടുകളോ, വിദ്യാഭ്യാസ സൌകര്യമോ, വെളിച്ചമോ, റോഡുകളോ, വാഹന സൌകര്യമോ ഇല്ലെന്നത്‌ അധികാരികള്‍ അറിഞ്ഞിട്ടും അറിയില്ലെന്ന്‌ നടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌. നവോത്ഥാനമെന്ന പേരില്‍ പദ്ധതികള്‍ പലത്‌ വന്നെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ആരും മെനക്കെട്ടിട്ടില്ല. അതു കൊണ്ട്‌ തന്നെ പല പദ്ധതികളും അപൂര്‍ണ്ണമായി, ചിലത്‌ എങ്ങുമെത്താതെ ത്രിശങ്കുസ്വര്‍ഗ്ഗത്തിലും മറ്റു ചില പദ്ധതികള്‍ പലര്‍ നടത്തിയ പേകൂത്തില്‍ ഉപയോഗശൂന്യവുമായി. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ചെന്നെത്താന്‍ പ്രയാസമായതിനാല്‍ പൊങ്ങിന്‍ ചുവടുകാരുടെ വാര്‍ത്തകള്‍ പ്രാദേശിക തലത്തില്‍ തന്നെ ഒതുങ്ങുന്നു. ഇത്‌ ഇവരുടെ കഥനകഥകള്‍ കെട്ടുകഥകളായി മാത്രം അവശേഷിപ്പിച്ചു. നിസ്സാരമായി പരിഹരിക്കാവുന്ന ഇവരുടെ ചില അവകാശങ്ങള്‍ക്ക്‌ വിലങ്ങു തടിയായി മാറിയവരുടേയും കൈവന്ന സൌഭാഗ്യങ്ങള്‍ തട്ടിതെറുപ്പിച്ച ചിലരുടെ അബദ്ധ തീരുമാനങ്ങളും ഇവര്‍ക്ക്‌ നരക ജീവിതം സമ്മാനിച്ചു. ഇതിണ്റ്റെ ഉള്ളറകള്‍ തേടിയുള്ള യാത്ര.......... ഇടമലയാര്‍ ഡാമില്‍ നിന്നും നിബിഡ വനത്തിലൂടെ പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊങ്ങിന്‍ചുവട്‌ ആദിവാസി കോളനിയിലെത്തും. ഇത്‌ ലക്ഷ്യമാക്കി ൩ ബൈക്കുകളിലായി ഞാനടക്കമുള്ള ആറംഗസംഘം യാത്ര പുറപ്പെട്ടു. ഏതാണ്ട്‌ ൧൨ മണിയോടെ ഇടമലയാറിലെത്തി. ഇടമലയാര്‍ ഡാമില്‍ വരുന്നവരുടെ വാഹനങ്ങളുടെ നമ്പറും പേരും സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തും. പൊങ്ങിന്‍ ചുവട്‌ ആദിവാസി കോളനിയിലേക്കാണ്‌ പോകുന്നതെന്ന്‌ പറഞ്ഞപ്പോഴെ സെക്യൂരിറ്റി വിലക്കി. അത്‌ ആനയുള്ള വഴിയാണ്‌ മാത്രമല്ല ബൈക്ക്‌ ആ വഴിക്ക്‌ പോകുകയുമില്ല. ജീപ്പ്‌ മാത്രമേ ഈ വഴിക്ക്‌ പോകൂ. നിങ്ങള്‍ക്ക്‌ സ്വന്തം റിസ്കില്‍ വേണമെങ്കില്‍ പോകാം എന്ന്‌ പറഞ്ഞു. പോയിട്ട്‌ വരാം എന്ന്‌ പറഞ്ഞ്‌ യാത്ര ആരംഭിച്ചു. മലവെള്ളത്തിണ്റ്റെ കുത്തൊഴുക്കില്‍ ഒഴുകിയെത്തിയ ഉരുളന്‍ കല്ലുകള്‍ മാത്രമുള്ള കാനന പാത. ബൈക്കുകള്‍ ഫസ്റ്റ്‌ ഗിയറില്‍ മാത്രം കയറാവുന്ന കുത്തനെയുള്ള കയറ്റം. ഒരു കല്ലില്‍ നിന്നും മറ്റൊരു കല്ലിലേക്ക്‌ ചാടികടന്ന്‌ ൩ കി.മീ. സഞ്ചരിച്ചു. ബ്രിട്ടീഷുകാര്‍ പാറ തുരന്നുണ്ടാക്കിയ പ്രസിദ്ധമായ വൈശാലി ഗുഹയ്ക്ക്‌ മുന്നിലെത്തി. അര കി.മീറ്ററോളം നീളം വരുന്ന ഗുഹയിലൂടെ വലിയ ലോറികള്‍ക്ക്‌ പോലും യഥേഷ്ടം സഞ്ചരിക്കാം. കൂരാകൂരിരുട്ടില്‍ ബൈക്കിണ്റ്റെ ഹെഡ്ലൈറ്റ്‌ തെളിച്ചു. എന്നിട്ടും ഒന്നും കാണുന്നില്ല. ഇരുട്ടിലൂടെ മുന്നോട്ട്‌ നീങ്ങി ഗുഹയ്ക്ക്‌ പുറത്തെത്തി. ഇടമലയാര്‍ ഡാം നിര്‍മ്മാണവേളയില്‍ ഡാം തൊഴിലാളികളുടെ ഇടത്താവളമായിരുന്നു പൊങ്ങിന്‍ചുവട.്‌ ഇവിടേക്ക്‌ ഭാരം കയറ്റി വരുന്ന ലോറികള്‍ക്ക്‌ സുഖമമായി സഞ്ചരിക്കാനാമ്‌ പാറ തുരന്ന്‌ ഗുഹ നിര്‍മ്മിച്ചത്‌. മുന്നോട്ട്‌ നീങ്ങി അധികം താമസിയാതെ ഒരു ക്ഷേത്രത്തിനടുത്തെത്തി. പഞ്ചാബികളായ ഡാം തൊഴിലാളികള്‍ നിര്‍മ്മിച്ചതാണീ ക്ഷേത്രം. ക്ഷേത്രത്തിണ്റ്റെ ഫോട്ടോയെടുത്ത്‌ മുന്നോട്ട്‌ നീങ്ങി അര കി.മി. ചെന്നതേയുള്ളൂ. വഴി നിറയെ ആനപിണ്ഡം. സെക്യൂരിറ്റി പേടിപ്പിക്കാന്‍ പറഞ്ഞതല്ലെന്ന്‌ അപ്പോഴാണ്‌ മനസ്സിലായത്‌. വീണ്ടും മുന്നോട്ട്‌ നീങ്ങി ഉരുളന്‍ കല്ലുകള്‍ക്ക്‌ അവസാനമില്ല. കല്ലിലൂടെ യാത്ര ചെയ്ത്‌ ഒരു ചാപ്പാത്തിന്‌ മുന്നിലെത്തി. എത്ര കുഴപ്പമുണ്ടെന്ന്‌ ഇറങ്ങിനോക്കി. മുട്ടിന്‌ മുകളില്‍ നല്ല അടിയൊഴുക്കുള്ള വെള്ളം. കൂര്‍ത്ത കല്ലുകളുണ്ടൊ എന്ന്‌ കാല്‌ കൊണ്ട്‌ തപ്പി നോക്കി. ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ സൈലന്‍സറില്‍ വെള്ളം കയറാതെ ആക്സിലേറ്റര്‍ മുഴുവനും തിരിച്ച്‌ പിടിച്ച്‌ ചപ്പാത്ത്‌ കടന്നു. വീണ്ടും കുത്തനെയുള്ള കയറ്റം. ചുറ്റുമുള്ള ഇടമരങ്ങള്‍ ചവിട്ടി മെതിച്ചിട്ടിരിക്കുന്നു. കുറച്ചു കൂടി മുന്നോട്ട്‌ പോയി ആനയുടെ ചിന്നംവിളി. ഈറ്റക്കാടുകള്‍ക്കിടയില്‍ അധികം ഉയരമില്ലാത്ത ൪ ആനകളും ഒരു കുട്ടിയാനയും. ഹോണ്‍ അടിക്കരുതെന്ന്‌ സെക്യൂരിറ്റി പറഞ്ഞത്‌ ഓര്‍ത്തതപ്പോഴാണ്‌. ഹോണ്‍ അടിക്കാതെ മുന്നോട്ട്‌ നീങ്ങി. ഫോട്ടോ എടുക്കണമെന്ന്‌ അതിയായ ആഗ്രഹമുണ്ടെങ്കിലും ജീവനില്‍ കൊതിയുള്ളതു കൊണ്ട്‌ നിര്‍ത്തിയില്ല. മൊബൈലിലെ വീഡിയോയില്‍ യാത്ര തുടങ്ങിയപ്പോഴേ പ്രവര്‍ത്തിപ്പിച്ചതു കൊണ്ട്‌ ആനയെ വീഡിയോയില്‍ പകര്‍ത്തി. മുന്നോട്ട്‌ നീങ്ങി അടുത്ത ചപ്പാത്തിന്‌ സമീപം കറുത്ത്‌ തടിച്ചൊരു പാമ്പ്‌. വണ്ടിയുടെ ശബ്ദം കേട്ട്‌ ഓടിമാറി ചപ്പാത്തുകള്‍ ൫ എണ്ണം താണ്ടിയാലേ പൊങ്ങിന്‍ചുവടിലെത്തുകയുള്ളൂ. സമയം രണ്ട്‌ മണിയായി. ആദ്യത്തെ വീടിന്‌ മുന്നില്‍ ബൈക്ക്‌ വെച്ചു. അവിടെ കണ്ട50 വയസ്സുകഴിഞ്ഞ തങ്കപ്പന്‍ ചേട്ടനോട്‌ മൂപ്പണ്റ്റെ വീട്‌ ചോദിച്ചു. നാലാമത്തെ വീടാണെന്ന്‌ പറഞ്ഞ്‌ തങ്കപ്പന്‍ ചേട്ടന്‍ കൂടെ വന്നു. ആനയെ കണ്ടകാര്യം പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട്‌ എണ്റ്റെ വീട്ടില്‍ രണ്ട്‌ ആനകള്‍ ഉണ്ട്‌. മേയാന്‍ വിട്ടിരിക്കയാണ്‌. ചിലപ്പോള്‍ അതാകും. രാത്രി വരും കാണുന്ന മരങ്ങളും വീടും കുത്തിപൊളിക്കും. നേരം വെളുക്കുമ്പോള്‍ തിരിച്ച്‌ പോകുകയും ചെയ്യുമെന്ന്‌ പറഞ്ഞു. ചെറിയൊരു കടയുടെ മുന്നിലെത്തി. ൬൬ വയസ്സുകഴിഞ്ഞ ചെല്ലമ്മ ചേച്ചിയാണ്‌ കട നടത്തുന്നത്‌. സാധനങ്ങള്‍ക്ക്‌ തീ പിടിച്ച വില. ജീപ്പില്‍ സാധനങ്ങള്‍ മുകളിലെത്തിക്കണമല്ലോ, അതാണ്‌ വില കൂട്ടി വില്‍ക്കുന്നതെന്ന്‌ പറഞ്ഞു. ഇടമലയാര്‍ വരെ 1000 രൂപയോളമാകും ജീപ്പ്‌ കൂലി. കൂടെയുള്ളവര്‍ അവിടെ ഇരുന്നു. ഞാന്‍ മൂപ്പണ്റ്റെ അടുത്തെത്തി രാജപ്പന്‍ കാണിയെന്നാണ്‌ മൂപ്പണ്റ്റെ പേര്‌. മാസികയില്‍ നിന്നാണെന്ന്‌ പറഞ്ഞു. മഴ കൊണ്ട്‌ പനി പിടിച്ച്‌ പുതച്ചു മൂടിയിരിക്കുകയായിരുന്ന മൂപ്പന്‍ വീടിനകത്തേക്ക്‌ കയറി ഇരിക്കാന്‍ പറഞ്ഞു. ഇരുന്നപാടെ കുറേ ആവലാതികള്‍ പറഞ്ഞു. ൧൯൭൧ ല്‍ ഇടമലയാര്‍ ഡാം പണി തകൃതിയായി നടക്കവേ അവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ഹതഭാഗ്യരാണിവര്‍. നാട്ടുവാസികള്‍ക്ക്‌ വേണ്ടി ഡാം പണിതപ്പോള്‍ കാട്ടുവാസികളായ ആദിവാസികള്‍ക്ക്‌ കാട്ടുനീതി. സ്വന്തം ആവാസ സ്ഥലം നഷ്ടപ്പെട്ട്‌ കോതപ്ളാമൂടി എന്ന മൂപ്പണ്റ്റെ നേതൃത്വത്തില്‍ ഉള്‍കാടുകള്‍ താണ്ടി പൊങ്ങിന്‍ചുവടിലേക്ക്‌ ചേക്കേറി. അന്നു തൊട്ടിന്നുവരെ ഇവരുടെ കഥനകഥകള്‍ നിബിഡവനത്തിലെ കൂരാകൂരിരുട്ടില്‍ ഒതുങ്ങി. ൧൯൯൬ ല്‍ ഇടമലയാറില്‍ നിന്ന്‌ പൊങ്ങിന്‍ചുവട്‌ ആദിവാസി കോളനിയിലേക്ക്‌ ലക്ഷക്കണക്കിന്‌ രൂപ മുടക്കിയാണ്‌ വൈദ്യുതി ലൈന്‍ വലിച്ചത്‌. ലൈന്‍ വലിക്കുന്ന സമയത്ത്‌ ഭൂമിക്ക്‌ അടിയിലൂടെ വേണമെന്ന്‌ ആദിവാസികള്‍ ആവശ്യപ്പെട്ടതാണ്‌. നിരക്ഷരരായ ആദിവാസികള്‍ക്ക്‌ സാമാന്യബോധമുള്ളതിനാല്‍ ഇത്തമൊരു ആവശ്യം ഉന്നയിച്ചു. വിദ്യാഭ്യാസം അധികമായതിനാല്‍ വിഡ്ഢികളായിപ്പോയ അധികാരികള്‍ പോസ്റ്റ്‌ കുഴിച്ച്‌ ലൈന്‍ വലിച്ചു. ഉദ്ഘാടനം കഴിച്ച്‌ രണ്ട്‌ ദിവസം ലൈറ്റുകള്‍ പ്രകാശിച്ചു. പ്രകൃതി ക്ഷോഭത്തില്‍ ലൈനുകള്‍ പൊട്ടി പോസ്റ്റുകള്‍ തകര്‍ന്നു. ബാക്കിയുള്ളവ ആന കുത്തിമറിച്ചു. സൂര്യനസ്തമിച്ചാല്‍ മണ്ണെണ്ണ വിളക്കിണ്റ്റേയും മെഴുകുതിരിയുടേയും ഇത്തിരിവെട്ടം മാത്രം. ലൈനുകള്‍ കുറേയൊക്കെ മോഷണം പോയി. ബാക്കിയുള്ളവ ഇന്നും പൊട്ടിക്കിടക്കുകയാണ്‌. മൂപ്പന്‍ ഒരല്‍പം അമര്‍ഷത്തോടെ പറഞ്ഞു. ഞങ്ങളന്ന്‌ ആവശ്യപ്പെട്ടതുപോലാണെങ്കില്‍ ഇങ്ങനെയുണ്ടാവില്ലായിരുന്നെന്ന്‌. വെളിച്ചമില്ലെങ്കില്‍ പോട്ടെ ഈ റോഡ്‌ എങ്കിലും ഒന്ന്‌ ശരിയാക്കി കിട്ടിയിരുന്നെങ്കില്‍, ഒരാള്‍ക്ക്‌ അസുഖം വന്നാല്‍ ജീപ്പ്‌ പിടിച്ച്‌ മലയിറങ്ങുമ്പോഴേക്കും ആള്‌ മരിച്ചിട്ടുണ്ടാകും. അത്‌ വിധിയെന്ന്‌ കരുതാം. ഞങ്ങലിവിലടെ പത്ത്‌ നൂറ്റി ഇരുപതോളം കുംടുംബങ്ങളിലായി 350 പേരുണ്ട്‌. ഞങ്ങള്‍ക്കൊ എഴുത്തും വായനയുമറിയില്ല. ഞങ്ങളുടെ കുട്ടികളെങ്കിലും സ്കൂളില്‍ പോയി പഠിച്ചേനെ. മെമ്പറും പഞ്ചായത്തുകാരും റോഡുക്കാന്‍ തയ്യാറാമ്‌. പക്ഷേ വനമ വകുപ്പുകാര്‍ ഇതു വരെ അനുവാദം തന്നിട്ടില്ല. ഫോറസ്റ്റ്‌ ഓഫീസര്‍മാര്‍ പറയുന്നത്‌ റോഡ്‌ വന്നാല്‍ തടിയൊക്കെ മോഷണം പോകുമെന്നാണ്‌. ഞങ്ങളുടെ കാട്ടില്‍ നിന്നും തടിയെന്നല്ല്‌ ഒന്നും പോകാതെ നോക്കാന്‍ ഞങ്ങള്‍ക്കറിയാമെന്ന്‌ മൂപ്പന്‍ പറയുന്നു. ഞങ്ങളുടെ ഏറ്റവും വലിയ ആവശ്യവും ഇതാണ്‌. ഞങ്ങള്‍ക്ക്‌ റോഡ്‌ വേണം. മൂപ്പനോട്‌ ഈ കാട്ടില്‍ കിടന്നിങ്ങനെ നരകിക്കണോ? നാട്ടില്‍ വന്ന്‌ താമസിച്ചാല്‍ സ്കൂള്‍, റോഡ്‌, ആശുപത്രി, വൈദ്യുതി, ഫ്രിഡ്ജ്‌, എ.സി, വാഹനം തുടങ്ങി എല്ലാ സൌകര്യങ്ങളും ഉണ്ട്‌. നാട്ടില്‍ വന്നു താമസിച്ചുകൂടേ എന്നു ചോദിച്ചു. മൂപ്പന്‌ അതത്ര രസിച്ചില്ല. ഒരല്‍പം നീരസത്തോടെ മറുപടി പറഞ്ഞു. ഞാന്‍ എറണാകുളം വരെ പോയിട്ടുണ്ട്‌. നല്ല റോഡിലൂടെ സഞ്ചരിച്ചിട്ടുണ്ട്‌. ഫ്രിഡ്ജിലെ വെള്ളത്തിണ്റ്റെ തണുപ്പും എ.ശി. യുടെ കുളിരും എനിക്കറിയാം. പക്ഷേ കാടിണ്റ്റെ സുഖം അതൊന്നു വേറെ തന്നെയാണ്‌. എ.സി. യുടെ കുളിരിലും കൂടുതലാണ്‌ ഇവിടുത്തെ കുളിര്‌. ഇതിലെ ഒഴുകുന്ന അരുവിയിലെ വെള്ളത്തിന്‌ ഫ്രിഡ്ജിലെ വെള്ളത്തേക്കാളും തണുപ്പുണ്ട്‌. ഞങ്ങള്‍ കാടിണ്റ്റെ മക്കളാണ്‌. ഞങ്ങള്‍ക്ക്‌ കാട്‌ മതി. കാട്ടില്‍ കഴിയേണ്ട മൃഗങ്ങളെ നാട്ടില്‍ ഇറക്കി വിട്ടാല്‍ എന്താകും അവസ്ഥ. അതു പോലെ തന്നെയാണ്‌ കാട്ടില്‍ കഴിയുന്ന ഞങ്ങളെ നാട്ടിലെ സുഖസൌകര്യങ്ങളില്‍ കൊട്ടുവിട്ടാലുണ്ടാകുക. വനത്തിനുള്ളില്‍ ഈറ്റ വെട്ടിയും തേന്‍ ശേഖരിച്ചും കൃഷി ചെയ്തും ആണ്‌ ഞങ്ങള്‍ ജീവിക്കുന്നത്‌.ഞങ്ങള്‍ അങ്ങനെതന്നെ ജീവിച്ചു കൊള്ളാം. കുറച്ച്‌ ആവശ്യങ്ങളുണ്ട്‌. അത്‌ നേടിയാല്‍ ഞങ്ങള്‍ക്ക്‌ സന്തോഷം. കൃഷി ആവശ്യത്തിനായി കോശനി നിവാസികള്‍ ഉപയോഗിച്ചിരുന്ന ഒരു കുളമുണ്ട്‌. വികസനഫണ്ട്‌ ഉപയോഗിച്ച്‌ പുനരുദ്ധരിച്ചപ്പോള്‍ അത്‌ ഒന്നിനും കൊള്ളാതെ ഉപയോഗ ശൂന്യമായി. കുളത്തിലെ വെള്ളമായിരുന്നു ആദ്യമൊക്കെ കൃഷിക്ക്‌ ഉപയോഗിച്ചിരുന്നത്‌. ഇത്‌ പുന:രുദ്ധരിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇപ്പോഴും ഉപയോഗിക്കാമായിരുന്നൂ എന്ന്‌ ഒരു കോളനി നിവാസി പറയുന്നു. കോളനിക്കകത്ത്‌ റോഡ്‌ നിര്‍മ്മിച്ചിട്ടുണ്ട്‌. റോഡ്‌ നിര്‍മ്മാണ ഫണ്ട്‌ എങ്ങനെ ഉപയോഗപ്പെടുത്തി എന്നതിനെക്കുറിച്ച്‌ യാതൊരു അറിവും ഇല്ല. ഇലക്ഷന്‍ അടുക്കുമ്പോള്‍ വോട്ട്‌ ചോദിക്കാന്‍ മത്സരാര്‍ത്ഥികള്‍ മത്സരിച്ച്‌ ഇവിടെ എത്തും. വേറെ ഗുണമൊന്നുമില്ല. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന്‌ പറഞ്ഞ്‌ പൊങ്ങിന്‍ചുവട്‌ നിവാസികള്‍ വോട്ട്‌ ബഹിഷ്ക്കരണത്തിനൊരുങ്ങി. പക്ഷേ, നേതാക്കള്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി അവരെ അതില്‍ നിന്ന്‌ പിന്തിരിപ്പിച്ചു. എറണാകുളം ജില്ലയിലെ ആദ്യ ഗിരിവര്‍ഗ വിഭാഗത്തില്‍പ്പെട്ട കോളനിക്ക്‌ രാജപ്പന്‍കാണി എന്ന മൂപ്പന്‍ ഉണ്ടെങ്കിലും രണ്ട്‌ സ്ത്രീകളാണ്‌ ഇവരുടെ ശക്തി. ൬൬കഴിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകയായ ചെല്ലമ്മയും കോളനിയിലെ ഏകാധ്യാപക സ്കൂളിലെ ടീച്ചറായ ഷീലയും . ആദ്യ മൂപ്പനായ കോതപ്ളാമുടി മുതല്‍ രാജപ്പന്‍ കാണി വരെ പ്രാകൃതമായ ആചാരങ്ങളെ മുറുകെ പിടിച്ചപ്പോള്‍ പൊങ്ങിന്‍ചുവട്‌ ആദിവാസി കോളനി നിവാസികള്‍ക്ക്‌ ജീവിതം തന്നെ ഇരുട്ടിലായി. വന്ന്‌ ചേര്‍ന്ന്‌ ദൌര്‍ഭാഗ്യങ്ങളെ പഴിചാരി ആദിവാസി കുടിലിലെ പുരുഷന്‍മാര്‍ ചാരായം വാറ്റിയും മദ്യപിച്ചും പലവിധ ലഹരികള്‍ക്ക്‌ അടിപ്പെട്ടു കഴിഞ്ഞു കൂടി. ഇവരെ ബോധവല്‍ക്കരിക്കാന്‍ തുനിനിറങ്ങിയ വിധവയായ ചെല്ലമ്മ രാമന്‍ ഏല്‍ക്കേണ്ടി വന്നത്‌ കൊടിയ പീഡനങ്ങളാണ്‌. മദ്യപാനികളുടെ അടിയും ഇടിയും ചവിട്ടും കൊണ്ട്‌ ഇവര്‍ ആശുപത്രിയിലായത്‌ മിച്ചം. എന്നിട്ടും ഇന്നും സാമൂഹ്യ സേവനം നടത്തുകയാണ്‌ ചെല്ലമ്മ. ലക്ഷ്യബോധമില്ലാത്തവരും അലസരും കുഴിമടിയന്‍മാരുമായ ഇവിടുത്തെ പുരുഷന്‍മാര്‍ തന്നെയാണ്‌ ഇവരെ ഈ ദുരവസ്ഥയിലെത്തിച്ചത്‌. എല്ലു മുറിയെ പണിയെടുക്കാന്‍ യാതൊരു വൈമനസ്യവും ഇല്ലാത്ത സത്രീകളാണ്‌ ഈ ഊരിണ്റ്റെ ശക്തി. തികച്ചും നിരക്ഷരായ ആദിവാസി സമൂഹത്തില്‍ നിന്നും വരും തലമുറയെ രക്ഷിക്കാന്‍ അവര്‍ക്ക്‌ വിദ്യാഭ്യാസവും സംസ്ക്കാരവും നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ്‌ ചെല്ലമ്മ രാമന്‍. ഇതിനു വേണ്ടി കോളനിയിലെ കുട്ടികളെ വൃത്തിയായി നടത്താനും നല്ല വസ്ത്രങ്ങല്‍ ധരിപ്പിക്കാനും ഏകാധ്യാപികാ സ്കൂളിലേക്ക്‌ പറഞ്ഞു വിടാനും പ്രേരിപ്പിക്കുന്നത്‌. പൊങ്ങിന്‍ചുവട്‌ ആദിവാസി കോളനിയിലെ ഏകാധ്യാപകാ സ്കൂളിലും ഇടമലയാര്‍ സ്കൂളിലുമായാണ്‌ പുതിയ തലമുറ വിദ്യാഭ്യാസം നടത്തുന്നത്‌. പൊങ്ങിന്‍ ചുവടിലെ ടീച്ചര്‍ ഷീല ആബാലവൃദ്ധം ജനങ്ങളേയും സാക്ഷരരാക്കാനുള്ള യത്നത്തിലാണ്‌. ലഹരികള്‍ക്കെതിരായി കവിതകള്‍ എഴുതിയും കുട്ടികളെ പാടിപഠിപ്പിച്ചും അവരെ ഈ മഹാവിപത്തിലകപ്പെടാതെ ബോധവല്‍ക്കരിക്കാനുള്ള കഠിന പ്രയത്നത്തിലാണ്‌ ഷീല. തികച്ചും നിരക്ഷരരായിരുന്ന പൊങ്ങിന്‍ചുവട്‌ നിവാസികളില്‍ ചിലരെങ്കിലും എഴുത്തും വായനയും പഠിച്ചുവെന്നത്‌ അവരുടെ അറിവ്‌ നേടാനുള്ള അതിയായ ആഗ്രഹമാണ്‌ വിളിച്ചോതുന്നത്‌. കുട്ടികള്‍ക്ക്‌ അറിവും വിജ്ഞാനവും നേടിക്കൊടുക്കാന്‍ പ്രയത്നിക്കുന്ന ചെല്ലമ്മ കുട്ടികള്‍ക്കൊപ്പമിരുന്ന്‌ എഴുത്തും വായനയും പഠിച്ചു. ഇന്നവര്‍ കോളനിയിലെ കുടുംബശ്രീയോഗങ്ങളിലും കോളനിയില്‍ സര്‍ക്കാര്‍ ഒരുക്കുന്ന പരിപാടികളിലും വാക്കുകള്‍ക്ക്‌ ഇടതടവില്ലാതെ സംസാരിക്കാനും കാടിറങ്ങി വന്ന്‌ അങ്ങ്‌ തിരുവനന്തപുരം വരെയുള്ള ഏമാന്‍മാരോട്‌ തങ്ങളുടെ ആവശ്യങ്ങളും ദുരിതങ്ങളും പറയുവാന്‍ പ്രാപ്തയായിരിക്കുന്നു. കോളനിയില്‍ വായനശാല നിര്‍മ്മിക്കുക, റോഡ്‌ സഞ്ചാരയോഗ്യമാക്കുക, വൈദ്യുതി തിരികെ കൊണ്ടുവരിക, കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കുക, കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിന്‌ സാഹചര്യം ഒരുക്കുക ഇങ്ങനെ നീളുന്നു ചെല്ലമ്മയുടെ ആവശ്യങ്ങള്‍. പണ്ട്‌ കോളനിയിലേക്ക്‌ വൈദ്യുതി ലൈന്‍ വലിക്കുന്ന സമയത്ത്‌ ഭൂമിക്കടിയിലൂടെ വേണമെന്ന്‌ അധികാരികള്‍ക്ക്‌ മുന്നില്‍ നിര്‍ദ്ദേശം വെക്കാനും ചെല്ലമ്മയായിരുന്നു മുന്നില്‍. കോളനിയിലേക്കുള്ള റോഡ്‌ നിര്‍മ്മാണത്തിണ്റ്റെ ഭാഗമായി റോഡിനു കുറുകെ രണ്ട്‌ പാലങ്ങള്‍ നിര്‍മ്മിച്ചു. അത്‌ നിര്‍മ്മാണത്തിലെ പിഴവ്‌ മൂലം ജീര്‍ണ്ണാവസ്ഥയിലായി. അധികാരികള്‍ ഉപകാരികള്‍ എന്ന പേരില്‍ ഉപദ്രവങ്ങള്‍ ചെയ്യുമ്പോള്‍ പ്രതീക്ഷ കൈവെടിയാതെ മലദൈവങ്ങളെ പ്രാര്‍ത്ഥിച്ച്‌ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ ഈ കാടിണ്റ്റെ മക്കള്‍. ബന്ധപ്പെട്ടവര്‍ ആരും തന്നെ പൊങ്ങിന്‍ചുവട്‌ കോളനിയില്‍ എത്താറില്ലെങ്കിലും സന്ധ്യയായാല്‍ ഇവിടത്തെ ഓരോ കുടിലിലും ആനകള്‍ സന്ദര്‍ശനത്തിനു വരും. കൃഷിയിടങ്ങളും വീടും കണ്ണില്‍ കണ്ടതെല്ലാം കുത്തിമറിച്ച്‌ കൊലവിളി നടത്തി നേരം വെളുക്കുമ്പോള്‍ തിരിച്ചു പോകും. അതു കൊണ്ടു തന്നെ രാത്രി ഉറങ്ങിയിട്ട്‌ കാലങ്ങള്‍ ഏറെയായി. ജീവനു പോലും വെല്ലുവിളി ഉയര്‍ത്തുന്ന ഈ കാട്ടാനകളെ തടയാന്‍ പ്രയാസമാണ്‌. കാരണം പൂട്ടച്ചിമലയില്‍ നിന്ന്‌ കരിമ്പാന വഴി വരുന്ന കാട്ടാനക്കൂട്ടത്തെ തടയണമെങ്കില്‍ കോടികള്‍ ചെലവിടേണ്ടി വരും. ഇടതുപക്ഷ സര്‍ക്കാര്‍ ഇവര്‍ക്ക്‌ കുടിലുകളുടെ സ്ഥാനത്ത്‌ കുറച്ച്‌ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെങ്കിലും പലതും ആന കുത്തി നശിപ്പിച്ചിരിക്കുന്നു. തികച്ചും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ഇവരുടെ പ്രശ്നങ്ങള്‍ പരിഹിരക്കാവുന്നതല്ലേയുള്ളൂ. അധികാരികള്‍ ആരെങ്കിലും മുന്‍കൈ എടുത്താല്‍ തീരാവുന്ന ഈ പ്രശ്നം വെറുതേ വലിച്ചു നീട്ടുകയാണ്‌. വേങ്ങൂറ്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പൊങ്ങിന്‍ചുവട്‌ നിവാസികള്‍ക്ക്‌ ഒരല്‍പം സ്വാന്ത്വനമേകാന്‍ അവരുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം തേയുവാനും ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ്‌ പൊങ്ങിന്‍ചുവടുകാര്‍.