Search This Blog

Tuesday, December 28, 2010

ആഗസ്റ്റ്‌ 9

ത്യാഗനിര്‍ഭരമായ ഓരോ ഹൃദയ മിടിപ്പിലും ഭാരതമാതാ വിനും മഹാത്മാഗാന്ധിക്കും ജയ്‌ വിളിച്ച്‌ ഖദര്‍ വസ്ത്രവും സത്യഗ്രഹവും സഹനശക്തിയും ആയുധമാക്കി ബ്രീട്ടീഷുകാര്‍ക്കെതിരെ പോരാടിയ വീരനായകര്‍ക്ക്‌ ആഗസ്റ്റ്‌ 9 സ്മരണ പുളകങ്ങളുടെ നാളാണ്‌. ബ്രിട്ടീഷ്കോളനി വാഴ്ചയ്ക്കെതിരായി ഭാരതമാകെ അലയടിച്ച ക്വിറ്റ്‌ ഇന്ത്യ സമരം അവര്‍ക്ക്‌ വെറും ചരിത്രമല്ല. ൧൯൪൨ലെ ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത്‌ അടിച്ചമര്‍ത്തലിണ്റ്റെ ഭാഗമായി ദേശീയ പ്രസ്ഥാനത്തിണ്റ്റെ അണികളെയും നേതാക്കളെയും ശിക്ഷിച്ചും ശിക്ഷിക്കാതെയും ജയിലിലാക്കിയിരുന്നു. അക്കാലത്ത്‌ എറണാകുളം മഹാരാജാസ്‌ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന വൈലോപ്പിള്ളി ബാലന്‍ എന്ന ഡോ. ബാലകൃഷ്ണനും വിയ്യൂരിലെ തടവറയില്‍ കഴിയേണ്ടി വന്നു. ഇന്നും പഴയ ഓര്‍മ്മകള്‍ അദ്ദേഹത്തിണ്റ്റെ മനസ്സില്‍ ഭദ്രം. ശ്രീരാമ കൃഷ്ണ പരമ ഹംസരുടെ ഭക്തനായ ഇദ്ദേഹം ഗാന്ധിജിയുടെ ആശയങ്ങള്‍ നെഞ്ചോട്‌ ചേര്‍ത്ത്‌ ജീവിക്കുന്നു. പ്രായം ൯൦ നോടടുത്തെങ്കിലും അദ്ദേഹത്തിണ്റ്റെ മുഖത്ത്‌ ആ പഴയ സമരവീര്യം മായാതെ നില്‍ക്കുന്നു. ബ്രിട്ടീഷ്‌ കോളനിവാഴ്ചയ്ക്കെതിരായി ൧൯൩൭ല്‍ പ്രജാമണ്ഡലത്തിണ്റ്റെയും ഖദര്‍ വസ്ത്രങ്ങളുടെയും പ്രചരണാര്‍ത്ഥം സി.കെ കര്‍ത്താ കേരളത്തിലാകമാനം പ്രചരണപരിപാടികള്‍ സംഘടിപ്പിച്ചു. എറണാകുളത്ത്‌ അദ്ദേഹം നടത്തിയ ഗംഭീര പ്രസംഗം വൈലോപ്പിള്ളി ബാലന്‍ കേള്‍ക്കാനിടയായി. സി.കെ. കര്‍ത്തയുടെ പ്രസംഗത്തിലും ആശയങ്ങളിലും ആകൃഷ്ടനായ വൈലോപ്പിള്ളി ബാലന്‍ പ്രജാമണ്ഡലത്തിണ്റ്റെ സജീവ പ്രവര്‍ത്തകനായി മാറുകയായിരുന്നു. പിന്നീട്‌ എറണാകുളത്ത്‌ നടന്ന പ്രജാമണ്ഡലത്തിണ്റ്റെ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു വൈലോപ്പിള്ളി ബാലന്‍. ആള്‍ ഇന്ത്യ സ്പിന്നേഴ്സ്‌അസോസിയേഷണ്റ്റെ സെക്രട്ടറി ആയിരുന്ന സി.കെ കര്‍ത്ത നല്‍കിയ പ്രചോദനം വൈലോപ്പിള്ളി ബാലനെ സ്വാതന്ത്യ്ര സമര സേനാനി യാക്കി. ൧൯൩൯-൧൯൪൨ കാലഘട്ടത്തില്‍ എറണാകുളം മഹാരാജാസ്‌ കോളജിലെ ബി.എസ്സി സുവോളജി വിദ്യാര്‍ത്ഥിയായിരുന്നു ഡോ. ബാലകൃഷ്ണന്‍. ഇടതുപക്ഷ പാര്‍ട്ടിയുടെ നേതാവായി ജ്യേഷ്ഠന്‍ വൈലോപ്പിള്ളി രാമന്‍കുട്ടിയും മഹാരാജാസിലുണ്ടായിരുന്നു. പുലിമുഖത്ത്‌ നിന്ന്‌ മീശപറിക്കാന്‍ കെല്‍പുള്ളവന്‍ എന്ന വിശേഷണം നന്നായി ഇണങ്ങുന്ന കെ.കരുണാകരന്‍ നായരായിരുന്നു അന്ന്‌ മഹാരാജാസിലെ പ്രിന്‍സിപ്പല്‍. വിദ്യാര്‍ത്ഥി സമരങ്ങള്‍ വെറും പേക്കൂത്ത്‌ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിണ്റ്റെ ഭാഷ്യം. വിദ്യാര്‍ത്ഥികളെ സമരത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കാന്‍, പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടുണ്ട്‌ ഇദ്ദേഹം. ൧൯൪൨ ഓഗസ്റ്റ്‌ ൮ന്‌ ക്വിറ്റ്‌ ഇന്ത്യ സമരം പ്രഖ്യാപിച്ചെങ്കിലും പിന്നീട്‌ ഒന്‍പതിലേക്ക്‌ മാറ്റുകയായിരുന്നു. ഇക്കാലയളവില്‍ സമരം മൂര്‍ച്ഛിച്ചു സര്‍വ്വകാലശാലകളിലും കോളജുകളിലും സമരം കൊടുമ്പിരിക്കൊണ്ടു. ഏതാണ്ട്‌ സെപ്റ്റംബര്‍ മാസമായപ്പോഴേയ്ക്കും കോളജുകള്‍ പലതും പൂട്ടി. വി. എ. സെയ്ദ്‌ മുഹമ്മദ്‌, എം. കെ.ജോണ്‍, വൈലോപ്പിള്ളി ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രജാമണ്ഡലവും വൈലോപ്പിള്ളി രാമന്‍കുട്ടിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും മഹാരാജാസില്‍ സമരങ്ങള്‍ നടത്തി. ഇതിണ്റ്റെ പേരില്‍ ഇവരെ ജയിലിലടക്കാന്‍ ഉത്തരവായി. വൈലോപ്പിള്ളി ബാലന്‍ ഒഴികെ മൂന്നു പേരും പൊലീസ്‌ പിടിയിലായി. മൂവ്വര്‍ സംഘം പിടിയിലായ അന്ന്‌ രാത്രി പന്ത്രണ്ടു മണിയോടെ അന്നത്തെ എസ്‌.ഐ ശങ്കരന്‍ കുട്ടിമേനോന്‍ വൈലോപ്പിള്ളി ഭാസ്കരനെയും കൂട്ടി ബാലകൃഷ്ണണ്റ്റെ കലൂരിലുള്ള വീട്ടില്‍ എത്തി. അന്ന്‌ ആ പ്രദേശത്തെ വീടുകളൊന്നും വൈദ്യുതീകരിച്ചിട്ടില്ലായിരുന്നു. ചൂട്ട്‌ കത്തിച്ചുകൊണ്ടാണ്‌ അവര്‍ വന്നത്‌. ജനാലകള്‍ക്കിടയിലൂടെ ചൂട്ടിണ്റ്റെ വെളിച്ചത്തില്‍ പോലീസുകാരുടെ മുഖം വ്യക്തമായി കാണാമായിരുന്നു. രാമന്‍കുട്ടിയെ പോലീസ്‌ അറസ്റ്റു ചെയ്തെന്നും സന്ധി സംഭാഷണത്തിന്‌ ബാലന്‍ വരണമെന്നും പൊലീസുകാര്‍ പറഞ്ഞു. വരില്ലെന്ന്‌ പറഞ്ഞിട്ടും അന്നത്തെ പൊലീസുകാര്‍ തിരിച്ച്‌ പോയി. പൊലീസുകാര്‍ പോയെങ്കിലും കിടന്നിട്ട്‌ ഉറക്കം വരാതെ പിടിക്കപ്പെട്ടാലും കുഴപ്പമില്ലെന്ന്‌ മനസ്സിലുറച്ച്‌ ബാലന്‍ അമ്മയുടെ കാല്‍ തൊട്ട്‌ വന്ദിച്ച്‌ വീട്ടില്‍ നിന്നിറങ്ങി. ഊടുവഴികളിലൂടെ ഏകദേശം നാലുമണിയോടുകൂടി കോളജിണ്റ്റെ പടിക്കലെത്തി. അന്ന്‌ പോലീസുകാര്‍ക്ക്‌ കോളേജിനകത്ത്‌ പ്രവേശനമില്ലായിരുന്നു. വൈലോപ്പിള്ളി ബാലന്‍ ൧൫ പ്രജാമണ്ഡല്‍ പ്രവര്‍ത്തകരെ കൂട്ടി ഭാരതമാതാവിനും ഗാന്ധിജിക്കും ജയ്‌ വിളിച്ച്‌ പ്രകടനം നടത്തി. ക്ളാസ്‌ അവസാനിച്ചപ്പോള്‍ കോളജിണ്റ്റെ കിഴക്കേ കവാടത്തിലൂടെ പുറത്ത്‌ കടക്കാന്‍ ശ്രമിക്കവെ എസ്‌.ഐ ശങ്കരന്‍കുട്ടി, ബാലകൃഷ്ണനെ അറസ്റ്റ്‌ ചെയ്തു. അന്നത്തെ പൊലീസ്‌ കമ്മീഷണര്‍ റോഷന്‍ സാഹബായിരുന്നെന്ന്‌ അദ്ദേഹം ഓര്‍ക്കുന്നു. അറസ്റ്റ്‌ ചെയ്തതിനു ശേഷം പൊലീസ്‌ വണ്ടിയില്‍ നഗരപ്രദക്ഷിണം നടത്തി അഞ്ച്‌ മണിയോട്‌ കൂടി ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന്‌ പാസഞ്ചര്‍ ട്രെയിനില്‍ കയറ്റി തൃശ്ശൂരിലേയ്ക്കും കൊണ്ടു പോയി. അവിടെയെത്തിയപ്പോള്‍ സമയം ൧൦ മണി കഴിഞ്ഞിരുന്നു. അന്ന്‌ വിയ്യൂര്‍ക്ക്‌ പോവുക അസാധ്യമായതിനാല്‍ തൃശ്ശൂറ്‍ ബസ്‌ സ്റ്റാണ്റ്റിനടുത്തുള്ള പൊലീസ്‌ സ്റ്റേഷനില്‍ തങ്ങി. അന്ന്‌ പൊലീസുകാര്‍ കൊടുത്ത പായയുടെയും തലയിണയുടെയും നാറ്റം ഇന്നും വൈലോപ്പിള്ളി ബാലണ്റ്റെ മനസ്സിലുണ്ട്‌. ആ തലയിണ പിഴിഞ്ഞാല്‍ ഒരു ലിറ്റര്‍ എണ്ണയെങ്കിലും കിട്ടുമായിരുന്നു എന്നാണ്‌ അദ്ദേഹം പറയുന്നത്‌. രാവിലെ വിയ്യൂരിലേക്ക്‌ കൊണ്ട്‌ പോയി. ശിക്ഷിക്കപ്പെടാത്ത തടവുകാരനായതു കൊണ്ട്‌ ജയിലിന്‌ പുറത്ത്‌ പ്രത്രേകം സജ്ജമാക്കിയ സെല്ലിലാണ്‌ ബാലകൃഷ്ണനെ പാര്‍പ്പിച്ചത്‌. സഹതടവുകാരായി ചേട്ടന്‍ രാമന്‍കുട്ടിയും സെയ്ദ്‌ മുഹമ്മദും എം.കെ ജോണുമടക്കം ൧൦ പേരാണ്‌ ഉണ്ടായിരുന്നത്‌. നേരെ എതിര്‍വശത്തെ സെല്ലില്‍ പനമ്പിള്ളി ഗോവിന്ദമേനോനും ചൊവ്വര പരമേശ്വരനും, പൂതൂറ്‍ അച്യുതമേനോനും, നീലകണ്ഠ അയ്യരും, സി. അച്യുതമേനോനും ജോര്‍ജ്ജ്‌ ചടയംമുറിയും കൃഷ്ണന്‍ എഴുത്തച്ചനുമടക്കം ൧൦ പേരാണ്‌ ശിക്ഷിക്കപ്പെടാത്ത തടവുകാരായി ഉണ്ടായിരുന്നത്‌. വൈകിട്ട്‌ ആറിന്‌ സെല്ല്‌ പൂട്ടിയാല്‍ രാവിലെ ആറിനേ സെല്ല്‌ തുറക്കുകയുള്ളൂ. സെല്ലിന്‌ പുറത്തുള്ള സമയങ്ങളില്‍ എല്ലാവരും ഒത്തു ചേര്‍ന്ന്‌ രഹസ്യമായി ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതും അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. വൈകിട്ട്‌ ആറ്‌ മണിക്ക്‌ മുമ്പ്‌ അത്താഴം കഴിച്ച്‌ സെല്ലില്‍ കയറിയാല്‍ ഒന്നു മൂത്രമൊഴിക്കണമെങ്കില്‍ കുടം തന്നെ ശരണം. ജയിലില്‍ വച്ചുണ്ടായ ഒരു രസകരമായ സംഭവം അദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു. സഹ തടവുകാരനായ ശിവശങ്കരമേനോന്‍ ജയിലിലാണെങ്കിലും ഒരല്‍പം മുഖം മിനുക്കി നടക്കുന്ന പ്രകൃതമാണ്‌. ഒരു ദിവസം രാത്രി മുഖകാന്തിക്കായി രക്തചന്ദനം മുഖത്ത്‌ ഇടുന്നതിന്‌ സെല്ല്‌ പൂട്ടുന്നതിന്‌ മുന്നേ പുറത്തുള്ള കല്ലില്‍ രക്തചന്ദനമരച്ച്‌ നല്ല കുഴമ്പ്‌ പരുവത്തിലാക്കി. സെല്ല്‌ പൂട്ടിയ ഉടനെ രക്തചന്ദനം മുഖത്ത്‌ തേച്ചു. അദ്ദേഹം ഉറക്കെ കരയാന്‍ തുടങ്ങി. അദ്ദേഹമറിഞ്ഞിരുന്നില്ല മുളകരച്ച കല്ലിലാണ്‌ താന്‍ രക്തചന്ദനം അരച്ചതെന്ന്‌. മുളകിണ്റ്റെ പുകച്ചില്‍ സഹിക്കാന്‍ വയ്യാതെ മുഖം കഴുകാന്‍ ഒരല്‍പം വെള്ളത്തിന്‌ വേണ്ടി പരക്കം പാഞ്ഞതും ഒരു ചെറിയ ചിരിയോടെ അദ്ദേഹം ഓര്‍ക്കുന്നു. ഇതേ സമയത്ത്‌ കെ.കരുണാകരന്‍ എട്ടു മാസത്തെ ശിക്ഷ അനുഭവിച്ച്‌ വിയ്യൂരിലുണ്ടായിരുന്നു. അക്കാലത്ത്‌ ജയിലില്‍ റേഷനായി കാപ്പിയില്ലായിരുന്നു. കാപ്പി വേണമെന്നാവശ്യപ്പെട്ട്‌ വൈലോപ്പിള്ളി ബാലനടക്കമുള്ള ശിക്ഷിക്കാത്ത തടവുകാര്‍ ചേര്‍ന്ന്‌ സമരം നടത്തി. മജിസ്ട്രേറ്റ്‌ ശിക്ഷിക്കാത്ത തടവുകാര്‍ക്ക്‌ മാത്രം കാപ്പി നല്‍കാമെന്ന്‌ സമ്മതിച്ച്‌ സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമരക്കാരുടെ ആവശ്യം മറ്റൊന്നായിരുന്നു. ജയിലില്‍ കഴിയുന്ന എല്ലാവര്‍ക്കും കാപ്പി, അതായിരുന്നു അവരുടെ ലക്ഷ്യം. അവസാനം ശിക്ഷിക്കപ്പെടാത്ത തടവുകാര്‍ക്ക്‌ നല്‍കുന്ന കാപ്പി ജയിലിനകത്തുള്ള തടവുകാര്‍ക്ക്‌ കൂടി വീതിച്ച്‌ നല്‍കാമെന്ന ധാരണയില്‍ സമരം അവസാനിപ്പിക്കുകയും ചെയ്തു. രണ്ട്‌ മാസത്തെ ശിക്ഷയുടെ കാലാവധി കഴിഞ്ഞ്‌ മഹാരാജാസിലെ നേതാക്കള്‍ പുറത്തിറങ്ങിയെങ്കിലും തിരിച്ച്‌ കോളജില്‍ കയറ്റാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. വൈലോപ്പിള്ളി ബാലനൊഴികെ മൂന്നു പേരും തുടര്‍ പഠനത്തിന്‌ മധുരയിലേക്ക്‌ പോയി. അന്ന്‌ മരുമക്കത്തായ സമ്പ്രദായമായിരുന്നു. വൈലോപ്പിള്ളി ബാലകൃഷ്ണണ്റ്റെ അമ്മാവന്‍ ഇടങ്കോലിട്ട്‌ പഠനം ഉപേക്ഷിപ്പിക്കും എന്ന നിലയിലായി. പഠിക്കാനല്ലല്ലോ പോകുന്നത്‌. സമരത്തിനല്ലേ അതിന്‌ മധുരവരെ പോകണമോ എന്നായിരുന്നു അദ്ദേഹത്തിണ്റ്റെ ചോദ്യം. ആ സമയത്ത്‌ വീട്ടില്‍ കൃഷിയായിരുന്നു. അങ്ങനെ കുറച്ചുനാള്‍ വൈലോപ്പിള്ളി ബാലന്‌ കര്‍ഷകനാകേണ്ടി വന്നു. മഹാരാജാസ്‌ കോളജിലെ പ്രിന്‍സിപ്പല്‍ കെ. കരുണാകരമേനോണ്റ്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട്‌ മനസിലാക്കിയ സര്‍ക്കാര്‍ അദ്ദേഹത്തോട്‌ സ്ഥാനം രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‌ പകരം ശങ്കരന്‍ നമ്പ്യാര്‍ സ്ഥാനമേറ്റെടുത്തു. ഇദ്ദേഹവും വൈലോപ്പിള്ളി ബാലനെ തിരിച്ചെടുക്കാന്‍ തയ്യാറായില്ല. അതിനിടെ വീണ്ടും ബാലകൃഷ്ണനടക്കമുള്ളവരെ ജയിലിലടക്കാന്‍ ഉത്തരവിറക്കി. പക്ഷേ എന്തു കൊണ്ടോ അറസ്റ്റ്‌ ഉണ്ടായില്ല. രണ്ട്‌ വര്‍ഷത്തിനു ശേഷം കാര്യങ്ങള്‍ ഏതാണ്ട്‌ ശാന്തമായി സ്വാതന്ത്യ്രം ലഭിക്കുമെന്ന അവസ്ഥ വന്നതോടെ വീണ്ടും മഹാരാജാസില്‍ ചേര്‍ന്നു. പഠിക്കുന്ന സമയത്ത്‌ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ എഴുത്തുസങ്കേതത്തിലെ (ഇന്നത്തെ പ്രസ്ക്ളബ്‌ റോഡില്‍) നിത്യസന്ദര്‍ശകനും അദ്ദേഹത്തിണ്റ്റെ അടുത്ത സുഹൃത്തുമായിരുന്നു വൈലോപ്പള്ളി ബാലന്‍. ബി.എസ്സി പഠനം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ പഠനത്തിനായി അലഹാബാദ്‌ യൂണിവേഴ്സിറ്റിയിലേക്ക്‌ പോയി. അവിടെ ആനന്ദ്‌ ഭവന്‌ സമീപമാണ്‌ താമസിച്ചിരുന്നത്‌. വൈലോപ്പിള്ളി ബാലനും സുഹൃത്തും ആനന്ദഭവനില്‍ പണ്ഡിറ്റ്ജി തങ്ങുന്നതറിഞ്ഞ്‌ പരിചയപ്പെടാന്‍ ചെന്നു. മുന്‍കാല പരിചയമുണ്ടെന്ന്‌ തോന്നും വിധം ഇടിച്ചു കയറി ഹിന്ദിയില്‍ ഞങ്ങളും സ്വാതന്ത്യ്ര സമര സേനാനികളാണെന്നും കേരളത്തില്‍ നിന്ന്‌ വന്നവരാണെന്നും പണ്ഡിറ്റ്ജിയോട്‌ പറഞ്ഞതും അത്‌ കേട്ടപാതി കേള്‍ക്കാത്തപാതി പണ്ഡിറ്റ്ജി കെട്ടിപ്പിടിച്ചതും ഇന്നും അദ്ദേഹം ഓര്‍ക്കുന്നു. തുടര്‍ന്ന്‌ പണ്ഡിറ്റ്ജിയോട്‌ ദീനബന്ധു പത്രത്തെക്കുറിച്ച്‌ സംസാരിച്ചു. ദീനബന്ധുവിന്‌ രണ്ടുവരി ആശംസകള്‍ എഴുതി നല്‍കണമെന്നും പറഞ്ഞു. ഉടനെ തന്നെ അദ്ദേഹം അകത്ത്‌ പോയി ക ംശവെ ഉലലിമയമിറവൌ മഹഹ ്രരലൈ എന്ന ഒരു കുറിപ്പ്‌ നല്‍കി. കുറിപ്പ്‌ കേരളത്തിലേക്കയച്ചെങ്കിലും അത്‌ ഇവിടെ എത്തിയില്ലെന്നാണ്‌ അറിവ്‌. അന്ന്‌ ശിവരാമന്‍ നായരായിരുന്നു പത്രാധിപര്‍. ൧൯൩൭ മുതല്‍ ഖദര്‍ ജുബ്ബയും മുണ്ടും ധരിക്കുന്ന ഇദ്ദേഹം പാരീസിലുള്ള മൂന്നു വര്‍ഷക്കാലം മാത്രമാണ്‌ പാണ്റ്റ്സ്‌ ധരിച്ചിട്ടുള്ളത്‌. എം.എസ്സി അവസാന വര്‍ഷമായപ്പോള്‍ യുനെസ്കൊയുടെ ഒരു പരസ്യം വന്നു. പാരീസില്‍ സ്പെഷ്യല്‍ ട്രെയിനിംഗിന്‌ അപേക്ഷ ക്ഷണിച്ചതായി കാണിച്ചിട്ടുള്ള പരസ്യത്തിന്‌ മറുപടി അയച്ചു. സെലക്റ്റ്‌ ചെയ്യുകയും ചെയ്തു. പാരീസിലെത്തിയ സമയത്ത്‌ മുണ്ടും ജുബ്ബയും ധരിച്ച്‌ പാരീസിലെ തെരുവുകളിലൂടെ നടന്നപ്പോള്‍ സായിപ്പന്‍മാര്‍ വന്ന്‌ മുണ്ട്‌ പൊക്കി നോക്കുകയും പിടിച്ചു നോക്കുകയും ചെയ്തതോടെ പാണ്റ്റ്‌ ധരിക്കാന്‍ തുടങ്ങി. അവിടെയുണ്ടായിരുന്ന മൂന്ന്‌ വര്‍ഷവും പാണ്റ്റ്‌ തന്നെയാണ്‌ ധരിച്ചത്‌. വൈലോപ്പള്ളി ബാലന്‌ അടിയന്തിരാവസ്ഥകാലത്ത്‌ ഡല്‍ഹിയില്‍ പോകേണ്ടിവന്നു. അന്നവിടെ കേരളാഹൌസില്‍ കരുണാകരന്‍ ഉണ്ടന്നറിഞ്ഞ്‌ അദ്ദേഹത്തെ കാണുന്നതിനായി അവിടെയെത്തി. വിയ്യൂരില്‍ തടവില്‍ കഴിഞ്ഞിരുന്ന വൈലോപ്പള്ളി ബാലന്‍ തന്നെ കാണാന്‍ വന്നതറിഞ്ഞ്‌ കെ. കരുണാകരന്‍ മുറിയില്‍ നിന്നും പുറത്തേക്ക്‌ വന്നു. ബാലനെ വാരിപ്പുണര്‍ന്നുകൊണ്ട്‌ കുശലാന്വേഷണങ്ങള്‍ ചോദിക്കുകയും കേരളത്തിലെത്തുമ്പോള്‍ എന്നെ വന്ന്‌ കാണണമെന്നും പറഞ്ഞത്‌ ഇന്നും അദ്ദേഹത്തിണ്റ്റെ മനസ്സിലുണ്ട്‌. പിന്നീട്‌ ജോലിയില്‍ കയറിയതോടുകൂടി അതിണ്റ്റെ തിരക്കായി. അദ്ദേഹത്തെ കാണാനും സാധിച്ചില്ല. പാരീസിലെ പരിശീലനം കഴിഞ്ഞ്‌ തിരിച്ചെത്തിയ ഇദ്ദേഹത്തിന്‌ ജോലി തേടി അലയേണ്ടി വന്നു. ഏതാണ്ട്‌ ഒരു വര്‍ഷക്കാലം ജോലിയില്ലാതെ അലഞ്ഞു. ആയിടക്ക്‌ പണ്ഡിറ്റ്ജി എറണാകുളത്തെത്തി. ഇതറിഞ്ഞ്‌ അദ്ദേഹത്തെ ഒന്നു കാണുന്നതിനും തണ്റ്റെ ജോലിയില്ലാത്ത അവസ്ഥ മനസ്സിലാക്കി കൊടുക്കുന്നതിനും ഡല്‍ഹി വരെ പോകാന്‍ പണമില്ലെന്നും കാണിച്ചു കൊണ്ട്‌ ഹിന്ദിയില്‍ ബാലന്‍ ഒരു കത്തെഴുതി. അന്ന്‌ ആനന്ദഭവനില്‍ വച്ച്‌ പരിചയപ്പെട്ട ആളാണെന്നും തനിക്ക്‌ ഡല്‍ഹിക്ക്‌ ഒരു ലിഫ്റ്റ്‌ തരണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തായിരുന്നു അത്‌. പണ്ഡിറ്റ്ജി ബാലനോട്‌ നേരിട്ട്‌ വരാന്‍ ഒരാള്‍ മുഖേന പറഞ്ഞയച്ചു. പക്ഷേ ബാലന്‍ ഇതറിഞ്ഞ്‌ എത്തിയപ്പോഴേക്കുംപണ്ഡിറ്റ്ജി കൊല്ലത്തേക്ക്‌ പോയിരുന്നു. രാമേശ്വരത്തെ മണ്ഡപത്ത്‌ റിസര്‍വ്വ്‌ അസിസ്റ്റണ്റ്റായി ജോലിക്ക്‌ കയറി. മൂന്ന്‌ വര്‍ഷങ്ങളില്‍ ലഭിച്ച ജോലിയായിരുന്നു അത്‌. ഐലയുടെ സ്പെഷ്യലിസ്റ്റ,്‌ ഫിഷറീസ്‌ ട്രെയിനിംങ്ങ്‌ പ്രോഗ്രാമുകളില്‍ ഇന്‍സ്ട്രക്ടറായും ജോലിനോക്കി അതിന്‌ ശേഷം കൃഷി വിജ്ഞാന കേന്ദ്രത്തിണ്റ്റെ തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ൧൯൮൧ ല്‍ റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ സര്‍വ്വീസ്‌ പെന്‍ഷനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സ്വാതന്ത്യ്ര സമരസേനാനികള്‍ക്കായുള്ള പെന്‍ഷനും ലഭിക്കുന്നു. കലൂറ്‍ ആസാദ്‌ റോഡില്‍ ചെറുവള്ളി ലെയിനില്‍ ഭാര്യ സതിയോടൊപ്പം താമസിക്കുന്ന ഡോ.ബാലകൃഷ്ണന്‌ നാല്‌ മക്കളാണ്‌. ശ്രീദേവി, ഗീത, ശിവറാം, അഡ്വ. കൃഷ്ണ.

3 comments:

 1. Hello Brother... Thudakkam valare nannayittund. Enium orupaadu pradeekshikkunnu. Nammude gramathinte charithrathiloode oru yathra anivaryamanennu njaan karuthunnu, valareyere kadhakal parayanulla gramam anu nammudethu... Ee thudakkathinu Ente athmartha maya ella aashamsakalum Nerunnu... Anoop pulluvathy.

  ReplyDelete
 2. the training, if anything you had in your course, had done a lot. Nice portrait.

  ennu vachchaal ni nannaayi ezhuthi ennu.
  Iniyum varatte.

  da e word captcha ozhivakk. valya thontharavanu e word verification

  ReplyDelete
 3. മിഥുന്‍, വൈലോപ്പള്ളിയെ കുറിച്ചുള്ള artcle വായിച്ചു...ഒത്തിരി കാര്യങ്ങള്‍ അറിയാത്തത് പിടി കിട്ടി...കുറച്ച് ചിരിച്ചു...രക്ത ചന്തനം കഴുകാന്‍ പെട്ട പാട് ഓര്‍ത്തു..ഈ same ആള്‍ തന്നെ ആണോ കവി വൈലോപള്ളി ?

  ReplyDelete