Search This Blog

Thursday, December 30, 2010

അരങ്ങില്‍നിന്നും ആല്‍ഫയിലേക്ക്‌

ആര്‍ഷഭാരതത്തില്‍ കേരളമെന്ന കൊച്ചു സംസ്ഥാനം പിറവിയെടുത്തിട്ട്‌ അരനൂറ്റാണ്ടിലേറെയായി. ഇക്കാലയളവിനുള്ളില്‍ തന്നെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ കേരളം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു. കലാപരമായ നേട്ടങ്ങളും എടുത്ത്‌ പറയേണ്ടിയിരിക്കുന്നു. എന്നിരുന്നാലും കഴിവ്‌ തെളിയിച്ചിട്ടും സമൂഹത്തില്‍നിന്നും എന്തിന്‌ സ്വന്തം വീട്ടില്‍ നിന്ന്‌ പോലും അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വന്നവരും നമ്മുടെ കണ്‍വെട്ടത്തുണ്ട്‌. ഇത്തരമൊരു ഹതഭാഗ്യനാണ്‍്‌ നായരമ്പലം സ്വദേശി കോട്ടക്കാട്ട്‌ കെ കെ ഭാസ്കരന്‍. ഒരു പുരുഷായുസ്‌ മുഴുവന്‍ നാടകപ്രവര്‍ത്തനത്തിന്‌ വേണ്ടി ഉഴിഞ്ഞ്‌വെച്ച ഇദ്ദേഹം ഇന്ന്‌ ഉറ്റവരും ഉടയവരുമില്ലാതെ അനാഥ മന്ദിരത്തിലാണ്‌. നാടക നടന്‍ എന്നതിലുപരി പഴയൊരു വിപ്ളവ സഖാവ്കൂടിയാണ്‌ ഇദ്ദേഹം. കേരളത്തിലെ കമ്യുണിസത്തിണ്റ്റെ നാള്‍ വഴികള്‍ കണ്ടറിഞ്ഞയാളാണ്‌ ഭാസ്കരന്‍. കുഞ്ഞുംനാളിലെ കമ്യൂണിസം രക്തത്തിലലിഞ്ഞ്‌ പോയെന്നാണിദ്ദേഹംപറയുന്നത്‌. താന്‍ വിശ്വസിച്ച പാര്‍ട്ടിക്ക്‌ വേണ്ടി തികച്ചും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച്‌ സ്വദേശത്തില്‍ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവായി. അതോടൊപ്പം പനമ്പിള്ളി ഗോവിന്ദ മേനോനെ പോലുള്ള മുതിര്‍ന്ന നേതാക്കളുമായി ആത്മബന്ധം സ്ഥാപിക്കാനും സാധിച്ചു. കരമടച്ച രശീതുപയോഗിച്ച്‌ വോട്ട്‌ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലയളവിലെ ഒരു പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷ പാര്‍ട്ടിക്ക്‌ വേണ്ടി നായരമ്പലം മൂന്നാം വാര്‍ഡില്‍ നിന്ന്‌ മത്സരിച്ച്‌ ജയിച്ചയാളാണ്‌ താനെന്ന്‌ ഭാസ്കരന്‍ പറയുന്നു. കോണ്‍ഗ്രസുകാരനായ അച്ചുതന്‍മാഷായിരുന്നു പ്രസിഡണ്റ്റ്‌. തണ്റ്റെ വാര്‍ഡിലെ റോഡിന്‌ വീതികൂട്ടുന്നതിന്‌ ഒരാളുടെ പറമ്പിലെ വേലി പൊളിച്ച്‌ മാറ്റേണ്ട സാഹചര്യം വന്നു. അന്നൊരല്‍പ്പം കശപിശയുണ്ടായി പ്രസിഡണ്റ്റടക്കമുള്ളവര്‍ ഭാസ്കരനെതിരെ തിരിഞ്ഞു. ആ സംഭവത്തില്‍ മനംനൊന്ത്‌ പഞ്ചായത്തില്‍നിന്ന്‌ രാജിവച്ചിറങ്ങിയെന്ന്‌ ഭാസ്കരന്‍ പറയുന്നു. അക്കാലത്തെ പാര്‍ട്ടിയിലെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന കുറ്റമാരോപിച്ച്‌ തന്നെയും പോലീസ്‌ അറസറ്റ്‌ ചെയ്തെന്ന്‌ ഭാസ്കരന്‍ പറയുന്നു. ഒരുതെറ്റും ചെയ്യാതിരുന്നിട്ടും ഇടപ്പള്ളി പോലീസ്‌ സ്റ്റേഷനാക്രമണ കേസില്‍ നാല്‌ കൊല്ലമാണ്‌ വിയ്യൂരിലെ തടവറയില്‍ കഴിയേണ്ടിവന്നുവെന്നും പിന്നീട്‌ കുറ്റക്കാരനല്ലെന്‍ങ്കണ്ട്‌ വെറുതെ വിട്ടെന്നും ഇദ്ധേഹം പറയുന്നു. അതോടെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി. പിന്നീട്‌ ജീവിക്കാനുള്ള നെട്ടോട്ടമായിരുന്നു. അങ്ങനെ മേസ്തിരിപ്പണി പഠിച്ചു. അന്നും നാടക കമ്പം വിട്ടിട്ടുണ്ടായിരുന്നില്ല. അല്ലറ ചില്ലറ ചെറിയ നാടകങ്ങളിലെല്ലാം അഭിനയിക്കുമായിരുന്നു. പണി പഠിക്കുന്ന സമയമായതിനാല്‍ കൂലി നന്നെ കുറവായിരുന്നു. അങ്ങനെ ജന്‍മനാട്ടില്‍ നാടകവും ജീവിതവും സംയോജിച്ച്‌ കൊണ്ട്‌ പോകാനാവാതെ വന്നപ്പോള്‍ നാടുവിട്ടയാളാണ്‌ ഭാസ്കരന്‍. നാടുമാറിയെത്തിയത്‌ തൃശ്ശൂരും. ത്രിശ്ശൂര്‌ ആ സമയത്ത്‌ ധാരാളം പാലം പണികളുണ്ട്‌. മേസ്തിരി പണിക്ക്‌ പറ്റിയ ഇടമായതുകൊണ്ട്‌ അവിടെ താമസമാക്കി. ഈ സമയത്ത്‌ ചെറിയ ട്രൂപ്പുകളില്‍ നാടകം കളിക്കുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ്‌ ത്രീശ്ശൂറ്‍ വെള്ളാച്ചിറയിലെ ഭാവന തീയറ്റേഴ്സ്‌ ഭാസ്ക്കരനെ അവരുടെ ട്രൂപ്പിലേക്ക്‌ ക്ഷണിച്ചത്‌. അവിടെ ആദ്യം അഭിനയിച്ച നാടകത്തിലെ കഥാപാത്രത്തെ ഇന്നും ഭാസ്കരന്‍ ഓര്‍ക്കുന്നു. അതൊരു തമിഴ്‌ ഭിക്ഷക്കാരണ്റ്റെവേഷമായിരുന്നു. എളിയില്‍ കൈകുത്തി നടന്നിരുന്ന ആ ഭിക്ഷക്കാരണ്റ്റെ വേഷത്തിന്‌ തനിക്ക്‌ അവാര്‍ഡ്‌ ലഭിച്ചതും ആ കഥാപാത്രത്തെ കുറിച്ച്‌ ഓര്‍ക്കുമ്പോഴും ഇന്നും ഭാസ്കരന്‍ അറിയാതെ കോരിത്തരിക്കുന്നു. ൮൪ാം വയസിലും നാടകത്തോടുള്ള അഭിനിവേശം അല്‍പംപോലും കുറഞ്ഞിട്ടില്ല ഭാസ്കരന്‌. പഴയ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ കണ്ണില്‍ നിന്ന്‌ കണ്ണ്‍നീര്‍ പൊഴിയും. നാടകാഭിനയവും മേസ്തിരിപ്പണിയുമായി ത്രിശ്ശൂരില്‍ തന്നെ കൂടി. ഇതിനിടെ വിവാഹവും കഴിച്ചു. ഭാര്യയുമായി സമാധാനത്തില്‍ കഴിയുന്നതിനിടെയാണ്‌ രാത്രി കാനയില്‍വീണ്‌ വലതുകാല്‍ ഒടിയുന്നത്‌. അപകടമുണ്ടായത്‌ രാത്രിയായത്‌ കൊണ്ട്‌ നാട്ടുകാരാരും കണ്ടില്ല. ബോധം വീണപ്പോള്‍ കാല്‌ വലിച്ച്‌ വലിച്ച്‌ തൊട്ടടുത്തുള്ള ക്ളിനിക്കിലെത്തി. അവര്‍ പ്രാഥമിക ചികിത്സ നല്‍കി ത്രിശൂറ്‍ മെഡിക്കല്‍ ആശുപത്രിയിലേക്കയച്ചു. അവിടെ മാസങ്ങളോളം കഴിയേണ്ടി വന്നു. സാമ്പത്തീകമായി ആകെ തകര്‍ന്നു. പ്ളാസ്റ്റര്‍ വെട്ടുന്നതിന്‌ മുമ്പെ അവിടെ നിന്ന്‌ ഇറങ്ങി. പിന്നീട്‌ ഞാറക്കല്‍ ആശുപത്രിയിലെത്തി അവിടെ വച്ച്‌ പ്ളാസ്റ്റര്‍ വെട്ടി. വലത്‌ കാല്‍ പൂര്‍ണമായും ചലനമറ്റു. അങ്ങനെ കുറച്ച്‌ നാള്‍ മകണ്റ്റെ സംരക്ഷണയില്‍ കഴിയേണ്ടി വന്നു. എഴുനേറ്റ്‌ നടക്കാനാവാത്ത അവസ്ഥ മകനതൊരു ബുദ്ധിമുട്ടായി എന്ന്‌ തോന്നിയഘട്ടത്തില്‍ വീട്ടില്‍ നിന്നിറങ്ങി. ഭാര്യയും ഞാനും വീണ്ടും ത്രിശ്ശൂരിലേക്ക്‌ താമസം മാറി. ഭാര്യ അത്യാവശ്യം വീട്ടു പണിക്ക്‌ പോയി തുടങ്ങി. പ്രായാധിക്യം അവളെ തളര്‍ത്തിയിരുന്നെന്ന്‌ ഭാസ്കരന്‍ പറയുന്നു. അങ്ങനെ പാതി പട്ടിണിയില്‍ ഒരു വര്‍ഷത്തോളം ജീവിച്ചു. അമൃതാനന്ദമായ്‌ ട്രസ്റ്റ്‌ ഒരു വണ്ടി അനുവദിച്ചു. കൈകൊണ്ട്‌ കറക്കി ഓടിക്കുന്ന മൂന്ന്‌ ചക്രമുള്ള വണ്ടി. അത്യാവശ്യം പുറത്തിറങ്ങി തുടങ്ങി, ചെറിയ പണികള്‍ക്ക്‌ പോയി തുടങ്ങി. അധികം താമസിയാതെ ഭാര്യ മരിച്ചു. അവസാനത്തെ അത്താണിയായിരുന്ന ഭാര്യ മരിച്ചതോടെ വാടക വീട്ടില്‍നിന്ന്‌ ഇറങ്ങേണ്ടി വന്നു. ജീവിതം വഴിമുട്ടി തെരുവിലേക്കിറങ്ങി, വര്‍ഷങ്ങളോളം പട്ടികള്‍ക്കും പൂച്ചക്കുമൊപ്പം തെരുവില്‍ കഴിഞ്ഞു. ആരും തിരിഞ്ഞ്‌ നോക്കിയത്‌ പോലുമില്ല മക്കളും മക്കളുടെ മക്കളുമുണ്ട്‌ എന്നിട്ടും ആരും ഒരു കൈ സഹായത്തിനുണ്ടായില്ല. ആരുടെയും മുന്നില്‍ കൈനീട്ടി ശീലമില്ല എന്നിട്ടും ആരെങ്കിലു മൊക്കെ ഭക്ഷണം വാങ്ങിത്തരും. ഭാസ്കരന്‌ ഒരു കഥയാണ്‌ ഓര്‍മവരുന്നത്‌ കുട്ടിയായിരിക്കുമ്പോള്‍ അച്ഛണ്റ്റെ കൈപിടിച്ചാണ്‌ നടക്കുന്നത്‌ കുട്ടി വലുതായി അച്ഛന്‌ പ്രായമായി കഴിയുമ്പോള്‍ കുട്ടികളുടെ കൈപിടിച്ച്‌ മാതാപിതാക്കള്‍ കൈപിടിച്ച്‌ നടക്കണം അതാണ്‌ നാട്ടുനടപ്പ്‌. പക്ഷെ ഇന്ന്‌ ഈ പരിഗണന ഭൂരിഭാഗം പേര്‍ക്കും ലഭിക്കുന്നില്ലെന്നതാണ്‌ വാസ്തവം. ലഭിക്കാതെ വരുമ്പോള്‍ ഏത്‌ മാതാപിതാക്കളും മാനസികമായി തളരും. ആഗ്രഹിക്കാനല്ലെ പറ്റു അറിഞ്ഞ്‌ ചെയ്യേണ്ടകാര്യങ്ങള്‍ വേണമെന്ന്‌ വാശിപിടിച്ചിട്ട്‌ കാര്യമില്ലല്ലോ. കൊടുങ്ങല്ലൂരിലേക്ക്‌ തണ്റ്റെ വാഹത്തില്‍ യാത്ര ചെയ്യവെ ഗട്ടറില്‍ വീണ്‌ വണ്ടി മറഞ്ഞു. നല്ല മഴയത്ത്‌ റോഡില്‍കിടക്കേണ്ടി വന്നു. ആ അപകടത്തില്‍ ഇടത്കാലൊടിഞ്ഞു. ആശുപത്‌റിയില്‍ പോകാന്‍ പണമില്ലാത്തതുകൊണ്ട്‌ പോയില്ല രണ്ട്‌ കാലും തളര്‍ന്ന്‌ ചലനശേഷിയില്ലാതായി. ആരാരുമില്ലാതെ വഴിവക്കില്‍ കഴിയേണ്ടിവന്നു. ഒരിടത്ത്‌ നിന്നും മറ്റൊരിടത്തേക്ക്‌ അങ്ങനെയൊരിക്കല്‍ എടമുട്ടത്തെത്തി. അവിടെയുള്ള പീടികതിണ്ണയില്‍ കുറച്ചുനാള്‍ കഴിഞ്ഞു. അങ്ങനെയൊരിക്കല്‍ ആല്‍ഫ പെയിന്‍ അന്‍ഡ്‌ പാലിയേറ്റീവ്‌ കെയറിണ്റ്റെ ചെയര്‍മാന്‍ നൂര്‍ദീന്‍ സാര്‍ കാറില്‍ ആ വഴി പോകവെ എന്നെ കാണുകയും വണ്ടി നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം കൂടെ ചെല്ലാന്‍ ക്ഷണിച്ചു. അങ്ങനെ ഞാന്‍ പ്രൊഫസര്‍ പി. വി അപ്പു മാസ്റ്റര്‍ സ്മാരക ആല്‍ഫ ഹോസ്പൈസിലെത്തി. ഇവിടെ ഒന്നിനും ഒരു കുറവില്ല സ്വന്തം വീട്‌ പോലെ കഴിയുന്നു. ആകെ ഒരു വിഷമമുള്ളത്‌ എന്നെ ഇവിടെ എത്തിച്ച നൂര്‍ദീന്‍ സാറിനെ നൂര്‍ദീന്‍ എന്ന്‌ വിളിക്കണമെന്ന്‌ ശഠിക്കുമ്പോഴാണ്‌. സാറിവിടെ ഒരുപാട്‌ സഹായങ്ങള്‍ ചെയ്യുന്നുണ്ട്‌. മറ്റുള്ളവര്‍ക്ക്‌ ചെയ്ത സഹായങ്ങള്‍വച്ച്‌ നോക്കുമ്പോള്‍ എനിക്ക്‌ ചെയ്തത്‌ ചെറിയൊരു സഹായം മാത്രം. ഇനിയുളള എണ്റ്റെ നാളുകള്‍ ഞാനിവിടെ ചിലവഴിക്കുമെന്ന്‌ പറഞ്ഞപ്പോള്‍ ഭാസ്കരണ്റ്റെ കണ്ണു നിറഞ്ഞു. പ്രായം ൮൭ കഴിഞ്ഞെങ്കിലും ആരുടെ മുന്നിലും കൈനീട്ടില്ലെന്ന ആത്മവിശ്വാസമാണ്‌ ഭാസ്കരനെ ഇവിടെ എത്തിച്ചത്‌. മതിലകം ബ്ളോക്ക്‌ പഞ്ചായത്ത്‌ അനാഥ വൃദ്ധര്‍ക്ക്‌ വേണ്ടി തുടങ്ങിയതാണി സ്ഥാപനം. ഒറ്റക്ക്‌ നടത്തുകയെന്നത്‌ അപ്രാപ്യമായ സംഗതിയാണെന്ന്‌ മനസിലാക്കി ആല്‍ഫയുമായി ബന്ധപ്പെട്ട്‌ സംയുക്തമായി നടത്തുകയായിരുന്നു. വാര്‍ദ്ധക്യവും രോഗവും തളര്‍ത്തിയ അവശരായ അനാഥര്‍ക്ക്‌ വേണ്ടിയാണ്‌ ഇന്ന്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. ഭാസ്കരനടക്കം അഞ്ച്‌ പേരാണിവിടെയുള്ളത്‌. ഇവരുടെയെല്ലാം കഥകള്‍ വ്യത്യസ്തമാണെങ്കിലും ഇവരാരും അനാഥരല്ല. ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടാത്ത അനാഥരല്ലാത്ത അനാഥര്‍. ഇവര്‍ക്കിന്ന്‌ ഭയക്കാതെ കഴിയാം കാരണം ഇവരെ പരിപാലിക്കാന്‍ ആല്‍ഫയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരുണ്ട്‌.

No comments:

Post a Comment